ആദ്യപ്രളയം കൈകാര്യം ചെയ്തത് അശാസ്ത്രീയമായി

2018ല്‍ കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണ്. കേരളത്തിലെ 36 അണക്കെട്ടുകളില്‍ 33 അണക്കെട്ടുകളും ഒരുമിച്ച് തുറന്നു വിട്ട് ജനത്തെ ദുരിതത്തിലാക്കുകയാണുണ്ടായത്. ആ മഴ രണ്ടു ദിവസം കൂടി തുടര്‍ന്നിരുന്നെങ്കില്‍ സംസ്ഥാനത്ത് ദുരിതാശ്വാസം നടത്താന്‍ പോലും ഒരു മനുഷ്യജീവി അവശേഷിക്കുമായിരുന്നില്ല അത്ര ഭീതിദമായ അവസ്ഥയായിരുന്നു.  ആസൂത്രണമില്ലായ്മയാണ് ഇത്രയേറെ വിനാശം വിതയ്ക്കുന്ന തലത്തിലേക്ക് ഈ പ്രളയത്തെ കൊണ്ടുപോയത് ഈശ്വരാധീനം കൊണ്ട് മാത്രമാണ് നമ്മളില്‍ പലര്‍ക്കും ജീവന്‍ തിരിച്ചു കിട്ടിയത്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള അവസരം പോലും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയായിരുന്നു.

അത്യാധുനിക സംവിധാനങ്ങളുടെ അഭാവമല്ല സംസ്ഥാനത്തെ ഇത്തരത്തില്‍ ഒരവസ്ഥയില്‍ എത്തിച്ചത്, അശാസ്ത്രീയമായ സമീപനമാണ് പ്രളയം വഷളാക്കിയത്. തുടരെ മഴ പെയ്യുന്നതും അതിന്റെ തീവ്രത കൂടുന്നതും തക്കസമയത്ത് നിരീക്ഷിച്ച് മുന്‍കരുതലെടുക്കുന്നതില്‍ ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. പ്രളയം നേരിട്ട് മുന്‍ അനുഭവമില്ലെന്ന വാദം ന്യായീകരണമല്ല, മുന്‍ ദിവസങ്ങളിലെ മഴയുടെ തോത് നിരീക്ഷിച്ച് പ്രളയമുണ്ടാകുമെന്ന് മുന്‍കൂട്ടി കാണേണ്ടത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ കടമയാണ്. ലഭിച്ച മഴവെള്ളത്തില്‍ നിന്ന് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ കുറിച്ച് മാത്രമായിരുന്നു അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധ. മഴയുടെ തീവ്രത കണക്കിലെടുത്ത് ത്വരിതഗതിയില്‍ നടപടിയെടുത്തിരുന്നെങ്കില്‍ പ്രളയദുരന്തത്തിന്റെ തീവ്രത കുറയ്ക്കുന്നതിനെങ്കിലും ഉതകിയേനെ.

Leave a Reply

Your email address will not be published. Required fields are marked *