വ്യവസായിക വളര്‍ച്ചയോട് മുഖം തിരിക്കുന്ന കേരളം

നമ്മുടെ നാട്ടില്‍ ഏത് പ്രസ്ഥാനം ആരംഭിച്ചാലും അതിനെ എങ്ങനെയൊക്കെ എതിര്‍ക്കാമെന്ന് മാത്രം ചിന്തിക്കുന്ന ഒരുകൂട്ടം നാട്ടുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുംമുണ്ട്. ഈ വ്യവസായ വിരുദ്ധ സംസ്കാരം നമ്മുടെയിടയില്‍ നിന്ന് മാറില്ല. എല്ലാവരും വികസനവിരുദ്ധരാണെന്ന് അഭിപ്രായം എനിക്കില്ല. ഒരു സംരംഭം തുടങ്ങുന്ന വ്യക്തി പല പ്രതിസന്ധികളും അതിജീവിച്ചാണ് വരുന്നത്. ഒരു പ്രസ്ഥാനത്തെ എങ്ങനെയൊക്കെ തടസപ്പെടുത്താം എന്ന് മാത്രം ചിന്തിക്കുന്ന  ഒരു ജോലിയും ചെയ്യാത്ത ചില ആളുകളുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളുമൊക്കെ അവര്‍ ഉന്നയിക്കും. നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്പോയഴാണ് മിക്കപ്പോഴും ട്രേഡ് യൂണിയനുകള്‍ പ്രശ്നങ്ങളുമായി എത്തുന്നത് , അതുപോലെ ലൈസന്‍സിങ്ങിനും അപ്രൂവലുകളും ഒക്കെ ആവശ്യമായി വരുമ്പോഴാണ് ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടുകള്‍ ഉണ്ടാകുന്നത്. രാഷ്ട്രീയക്കാര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ വരണമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും അവരുടെ അണികളെ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടമായി നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍, പക്ഷെ അവരുടെ അണികളില്‍ ചിലരുടെ കടുംപിടുത്തങ്ങള്‍ക്ക് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിസ്സഹായരായി മാറുന്നു. ഒരു തരം രാഷ്ട്രീയപാപ്പരത്വമാണിതെന്നാണ് എന്റെ നിരീക്ഷണം

എന്റെ അനുഭവത്തില്‍ കേരളം ഒരിക്കലും ഒരു സംരംഭകസൗഹൃദ സംസ്ഥാനമല്ല. ഒരു പ്രസ്ഥാനം തുടങ്ങാനുള്ള സാഹചര്യം ഇപ്പോഴും നിലവിലില്ല . ചെറിയ ചെറിയ സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് തലം മുതല്‍ അധികാരശ്രേണിയുടെ ഉന്നതതലങ്ങളില്‍ വരെ നിക്ഷേപകരെ വെറുപ്പിക്കുന്ന നടപടികള്‍ ഉണ്ടാകും. തൊഴില്‍ മേഖലയിലെ കാര്യമെടുത്താല്‍ നിക്ഷേപകരെ എങ്ങനെ ഉപദ്രവിക്കാം എന്നാണ് പലരുടേയും ആലോചന. സാക്ഷാല്‍ എം.എ യൂസഫലിയെ പോലെ ലോകം മുഴുവന്‍ അറിയപ്പെടുന്ന, സ്വാധീനമുള്ള ഒരു വ്യക്തിക്കു പോലും കേരളത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ കടമ്പകള്‍ ഏറെയാണ് . എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍, ഉദാഹരണത്തിന് തമിഴ്‌നാടും കര്‍ണാടകവും എടുത്താല്‍ നിക്ഷേപക സൗഹൃദത്തിന്റെ കാര്യത്തില്‍ അവര്‍ നമ്മേക്കാള്‍ ബഹുദൂരം മുന്നിലാണ്

Leave a Reply

Your email address will not be published. Required fields are marked *