എ.ഐ ഷാലിമാര്‍

സംരംഭകന്‍

ഞാന്‍ എ.ഐ ഷാലിമാര്‍, പൗരാണിക കേരളത്തിലെ വിശ്രുത വാണിജ്യ കേന്ദ്രമായ മുസ്‍രിസ് അഥവാ കൊടുങ്ങല്ലൂരിന്റെ മകന്‍. അതാണ് എന്റെ ആദ്യത്തെ ഐഡന്റിറ്റി, വ്യവസായിയെന്നും സില്‍വര്‍ സ്റ്റോമിന്റെ അമരക്കാരനെന്നുമൊക്കെയുള്ള പേരുകളെക്കാള്‍ ഞാന്‍ ചേര്‍ത്തു പിടിക്കുന്നത് ജന്മനാടിന്റെ ഈ മേല്‍വിലാസത്തെയാണ്. കൊടുങ്ങല്ലൂരിന്റെ സാംസ്കാരിക പൈത‍ൃകത്തെക്കുറിച്ച് പറയാന്‍ വാക്കുകള്‍ പോരാതെ വരും. കൊടുങ്ങല്ലൂരമ്മയും ഭരണിയും ചരിത്രത്തില്‍ ഇടംനേടിക്കൊടുത്ത, ക്രിസ്തുശിഷ്യനായ സെന്റ് തോമസിന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ, മഹാനായ ചേരമാന്‍ പെരുമാളിന്റെ പുകള്‍പ്പെറ്റ മണ്ണാണിത്. ചേരമാന്‍ പെരുമാളിന്റെ നിര്‍ദേശപ്രകാരം മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക്‌ ദിനാര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അതിപുരാതനമായ ചേരമാന്‍ മസ്ജിദും ഈ മണ്ണിന്റെ മതമൈത്രിയുടെ തിലകക്കുറിയായി നിലകൊള്ളുന്നു. അറബികളും ജൂതരുമെല്ലാം വണിക്കുകളായി മലയാളമണ്ണിലെത്തിയത് ഈ പുരാതന തുറമുഖനഗരത്തിലൂടെയാണ്. മതമൈത്രിയും, സഹോദര്യവുമെല്ലാം ഞാന്‍ പഠിച്ചത് ജന്മനാട്ടില്‍ നിന്നും എന്റെ പ്രിയപ്പെട്ട നാട്ടുകാരില്‍ നിന്നുമാണ്.

egemenerd

സാധാരണമായ ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നും വ്യവസായി എന്ന തലത്തിലേക്ക് നടന്ന വഴികളില്‍ സാധാരണക്കാരായ എന്റെ മാതാപിതാക്കള്‍, അന്താറത്തറ ഇബ്രാഹിമും നഫീസയും പകര്‍ന്നു തന്ന അസാധാരണമായ കാഴ്ചപ്പാടുകളുണ്ട്. ഉമ്മയാണ് ശരിക്കും സ്വന്തം കാലില്‍ നില്‍ക്കാനും കുതിക്കാനുമുള്ള ആര്‍ജ്ജവം നല്‍കിയത്. ശരിക്കു പറഞ്ഞാല്‍ ഉമ്മയുടെ ഓര്‍മ്മകളെ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കവര്‍ന്നെടുക്കുവോളം, ജോലി കഴിഞ്ഞെത്തിയാല്‍ എനിക്കൊപ്പമിരുന്ന് ഞാനെന്താണ് ചെയ്യേണ്ടതെന്ന് മാര്‍ഗ്ഗനിര്‍ദേശം നല്‍കിയിരുന്നു എന്റെ ഉമ്മ നഫീസ. ഉമ്മയില്‍ നിന്ന് ലഭിച്ച മൂല്യങ്ങളാണ് ജീവിതത്തിലും കര്‍മ്മ മേഖലയിലും ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. എനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ സങ്കടങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കും ഇറങ്ങിച്ചെല്ലാനുള്ള ഒരവസരവും ഞാന്‍ പാഴാക്കാറില്ല. ബിസിനസ് മേഖലയിലെ തിരക്കുകള്‍മൂലം ബന്ധുക്കളേയോ സുഹൃത്തുക്കളെയോ അടിക്കടി വിളിക്കാനോ കാണാനോ സാധിക്കില്ലെങ്കിലും അവരുടെ ആവശ്യഘട്ടത്തില്‍ ഏറ്റവും ആദ്യം സഹായമെത്തിക്കുക എന്റെ കടമയായി കരുതുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. അനീതിയോട് പ്രതികരിക്കുക എന്നത് എന്റെ രക്തത്തില്‍ അലിഞ്ഞതാണ്. വാപ്പയും ഉമ്മയും ഭാര്യ ഷാഹിനയും മൂന്ന് മക്കളും അടങ്ങുന്നതാണ്‌ എന്റെ കുടുംബം. ജീവിതത്തിലും ബിസിനസിലും ഷാഹിനയുടെ പിന്തുണയാണ് എന്റെ ശക്തി. മൂത്തമകള്‍ നിദാ ഫാത്തിമ വിവാഹിതയാണ്, മരുമകന്‍ ഡോക്ടര്‍ മുഹമ്മദ് സാലിഹ്‌ കയ്പമംഗലത്തെ പുരാതന കുടുംബാംഗമാണ്‌. രണ്ടാമത്തെ മകള്‍ ലാമിയ ഷാലിമാര്‍ എറണാകുളം സെന്റ് തെരേസാസ് കോളജില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. ഇളയമകന്‍ മുഹമ്മദ് ഹസീം സഹൃദയ എന്‍ജിനിയറങ്ങ് കോളജില്‍ ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി.

ഞാനെന്ന സംരംഭകന്‍

ഇലക്ട്രിക്കല്‍ എന്‍ജിയറിംഗ് ഡിപ്ലോമയ്ക്ക് ശേഷം ഉദ്യോഗമണ്ഡലിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ട്രെയിനിയായി കയറുമ്പോള്‍ 300 രൂപയായിരുന്നു എന്റെ ആദ്യ ശമ്പളം. പരിശീലനകലായളവിന് ശേഷം ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറായ ഒരു നല്ല മനുഷ്യനെ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. സംരംഭകത്വം എന്ന ആശയം എന്നിലേക്ക് പകര്‍ന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലിയില്‍ പ്രവേശിച്ചു. ആ സ്ഥാപനത്തിലെ പ്രവ‍‍ൃത്തിപരിചയവും പരിശീലനവുമാണ് എനിക്ക് വ്യാവസായിക മേഖലയില്‍ ഒരു കൈ നോക്കാന്‍ ആര്‍ജ്ജവം നല്‍കിയത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ആ തൊഴിലുടമയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ മരണത്തോളം തുടര്‍ന്നു.
സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നും അത് വ്യത്യസ്തമായിരിക്കണമെന്നും എനിക്ക് നിര്‍ബന്ധബുദ്ധിയുണ്ട് അങ്ങനെയാണ് 1994 ല്‍ സുഹൃത്തിനൊപ്പം ഞാനെന്റെ ആദ്യ സംരംഭം തുടങ്ങിയത്- ഗ്രീന്‍ വാലി റബര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്. വാഹനങ്ങളുടെ ടയര്‍ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട അസംസ്കൃത വസ്തുവാണ് ക്രമ്പ് റബര്‍. പാലക്കാട് ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണയൂണിറ്റ് പാലക്കാട് റബര്‍ പ്രൈവറ്റ്‌ ലിമിറ്റഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യ മാനേജിങ്ങ് ഡയറക്ടര്‍ ആയിരുന്ന എന്റെ വിയര്‍പ്പുതുള്ളികളാണ് ആ വ്യാവസായികസ്ഥാപനത്തിന്റെ ത്വരിതഗതിയിലുള്ള ഉയര്‍ച്ചയിലേക്ക് നയിച്ചത്. കമ്പനി ലാഭത്തിലായിരിക്കെ തന്നെ എന്റെ വ്യാവസായിക പങ്കാളിയുടെ ആവശ്യപ്രകാരം 1996ല്‍ അത് മറ്റൊരാള്‍ക്ക് വിറ്റു

സില്‍വര്‍ സ്റ്റോം എന്ന വ്യത്യസ്ത ആശയം..

ആദ്യ വ്യാവസായികോദ്യമത്തിന്റെ വിജയം എനിക്ക് നല്ല ആത്മവിശ്വാസം നല്‍കി, എല്ലാവരും ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കണം എന്റെ ബിസിനസ് സംരംഭങ്ങളെന്ന് നിര്‍ബന്ധ ബുദ്ധി അന്നും ഇന്നും ഉണ്ട്. 2000ല്‍ എന്റെ രണ്ടാമത്തെ വ്യാവസായികോദ്യമത്തിന് തുടക്കം കുറിച്ചു. കേരളത്തിന്റെ അനന്തമായ ടൂറിസം സാധ്യതയെ ഉപയോഗപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ അതിരപ്പിള്ളിയില്‍ സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് ആരംഭിച്ചത് പ്രവാസികളായ സുഹൃത്തുക്കളുടെ കൂടി പങ്കാളിത്തത്തിലായിരുന്നു. ചെറിയ പാര്‍ക്കായി ആരംഭിച്ച സില്‍വര്‍സ്റ്റോം, അമ്യൂസ്മെന്റ് പാര്‍ക്ക്, വാട്ടര്‍ തീം പാര്‍ക്ക്, സ്നോ പാര്‍ക്ക് റിസോട്ട് എന്നിങ്ങനെ വിവിധ വിനോദ സംവിധാനങ്ങള്‍ ഒരുക്കി 20 വര്‍ഷം കൊണ്ട് വിപണിയിലെ മുഖ്യ എതിരാളികളോട് കിടപിടിക്കും വിധം നവീകരിച്ചു. ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായി ചുരുങ്ങിയ കാലം കൊണ്ടാണ് സില്‍വര്‍ സ്റ്റോം വളര്‍ന്നത്. കേരളത്തിലെ ആദ്യത്തെ സ്നോ പാര്‍ക്കിന് തുടക്കമിടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ടൂറിസം മേഖലയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഗോള്‍ഡന്‍ ഓണര്‍ പുരസ്കാരം 2003ല്‍ എന്നെ തേടിയെത്തി.2013ല്‍ മറ്റൊരു വ്യവസായം ആരംഭിച്ചു- ഗാല്‍‍വനൈസ്ഡ് പൈപ്പ് ഫാക്ടറി. തുടക്കത്തില്‍ സുഹൃത്തക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും, അവരുടെ മറ്റ് സംരംഭങ്ങളിലുള്ള തിരക്കുകള്‍ മൂലം ഈ വ്യവസായത്തിന്റെ മുഴവന്‍ ഉത്തരവാദിത്വം എന്റെ ചുമലുകളിലായി. ഇവ കൂടാതെ എന്റെ നാടിനുള്ള സമ്മാനമായിട്ടാണ് കൊടുങ്ങല്ലൂരിലെ ഷോപ്പിങ്മാളില്‍ ഒരു പതിനായിരം ചതുരശ്രയടിയില്‍ സില്‍വര്‍സ്റ്റോം ഫണ്‍സിറ്റി എന്ന എന്റര്‍ടെയ്മെന്റ് സോണിന് തുടക്കമിട്ടു.
രണ്ട് റസ്റ്റൊറൻ്റുകളും ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന്റെ നടത്തിപ്പ്, പങ്കാളികളുമായി ചേര്‍ന്ന് ഭക്ഷ്യബിസിനസ് എന്നിവയും വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നു

ജീവനക്കാരാണ് എന്റെ ശക്തി

എന്റെ ജീവനക്കാരാണ് എന്റെ വിജയത്തിന്റെ സ്രോതസ്. ഓരോരുത്തരേയും വ്യക്തിപരമായി എനിക്കറിയാം. ജോലിയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണെങ്കിലും അവരുടെ ഏതാവശ്യത്തിലും എന്റെ പിന്തുണ ഉണ്ടാകും. 750ല്‍ ഏറെ കുടുംബങ്ങളാണ് ഞങ്ങളുടെ വ്യാവസായിക ഉദ്യമത്തിന്റെ ഭാഗമായിട്ടുള്ളത്. കന്പനിക്കൊപ്പം ജീവനക്കാരുടെ കുടുംബങ്ങളും വളരണം എന്ന മൂല്യം ഉയര്‍ത്തിപ്പിക്കുന്നതിന് എനിക്ക് പ്രചോദനം ഇന്ത്യന്‍ വ്യവസായിക ലോകത്തെ കുലപതി രത്തന്‍ ടാറ്റയാണ്. രണ്ടു പ്രളയങ്ങളും കോവിഡും നമ്മുടെ സാമൂഹ്യജീവിത്തെ തകര്‍ത്തെറിഞ്ഞ കാലത്തെല്ലാം ഞാനെന്റെ ജീവനക്കാരെയും അവരുടെ കുടുംബങ്ങളേയും ചേര്‍ത്തുപിടിച്ചെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. ഓഫീസിലുള്ളപ്പോള്‍ എന്റെ ജീവനക്കാര്‍ക്കൊപ്പമാണ് ഞാനും ഭക്ഷണം കഴിക്കുറുള്ളത്, ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന ആ ചിന്ത തന്നെയാണ് ഞങ്ങളുടെ സ്ഥാപനങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനശില. മനുഷ്യത്വപരമായ പെരുമാറ്റം തന്നെയാണ് ആത്മാര്‍ഥതയുള്ള ജീവനക്കാരെ സൃഷ്ടിക്കുന്നത്. ഞങ്ങളുടെ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലമായി ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് സ്ഥാപനത്തില്‍ ഷെയര്‍ നല്‍കുന്ന പദ്ധതികളും ഞാന്‍ തുടക്കമിട്ടു.

സമൂഹ്യപ്രതിബദ്ധത ഒഴിവാക്കാനാവാത്ത ഉത്തരവാദിത്വം.

ഓരോ വ്യക്തിക്കും സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തമുണ്ട്. നമുക്ക് ദൈവം നല്‍കിയ കഴിവുകള്‍ സമൂഹത്തിന് കൂടി ഗുണം നല്‍കുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയണം. ഈ ആശയത്തിലൂന്നിയാണ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ഇനി വരും കാലം പ്രകൃതിയെ സംരക്ഷിക്കാന്‍ ത്വരിതഗതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രകൃതിസൗഹൃദപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പദ്ധതിയുണ്ട്. എന്റെ കുട്ടികളേയും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പരിശീിപ്പിക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് മൂല്യങ്ങള്‍ നമ്മളല്ലാതെ ആരാണ് പകര്‍ന്നു കൊടുക്കുക

എന്റെ നാടിനെ കുറിച്ചുമുണ്ട് ചില സ്വപ്നങ്ങള്‍

സാമൂഹ്യമായും സാംസ്കാരികമായും വലിയ പ്രാധാന്യമുള്ള സ്ഥലമാണ് എന്റെ ജന്മദേശമാണ് കൊടുങ്ങല്ലൂര്‍. പക്ഷെ നാടിന്റെ തനതായ ചില കുടില്‍ വ്യവസായങ്ങള്‍ അന്യം നിന്നു പോകുകയാണ്. തഴപ്പായ നിര്‍മ്മാണം, രാമച്ചത്തിന്റെ മൂല്യവര്‍ധന മത്സ്യബന്ധനം ഇവയൊക്കെ ഒരുകാലത്ത് ജനങ്ങളുടെ മികച്ച ജീവിതോപാധികളായിരുന്നു. എന്നാല്‍ ഇന്ന് അവയെല്ലാം നാശത്തിന്റെ വക്കിലാണ്. ഇവയ്ക്ക് അന്താരാഷ്ട്ര മേഖലയില്‍ മികച്ച വിപണിയുണ്ടായിട്ടും ഈ മേഖലയില്‍ തൊഴിലെടുത്തിരുന്നവര്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ വലയുകയാണ്. ഈ കുടില്‍ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കണം എന്നൊരു സ്വപ്നമുണ്ട്. ഗുണശോഷണം ഇല്ലാതെ മത്സ്യം സംസ്കരിക്കാന്‍ കഴിയുന്ന ഒരു  സംരംഭം തുടങ്ങണം എന്ന പദ്ധതിയും ഉണ്ട്.

എന്റെ രാഷ്ട്രീയ നിലപാട്

രാഷ്ട്രീയം ജനസേവനത്തിനുള്ള മാര്‍ഗ്ഗമാണെന്ന് ഇന്ന് പല സജീവ രാഷ്ട്രീയക്കാരും മറക്കുന്നു എന്നതാണ് സങ്കടകരമാണ്. സിസ്റ്റം നേരേയാക്കാനുള്ള ശ്രമങ്ങള്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ല. രാഷ്ട്രീയവല്‍ക്കരണത്തിലാണ് എല്ലാവരുടേയും ശ്രദ്ധ, ഇതിനിടയില്‍ സമൂഹത്തിന്റെ വികസനം അവഗണിക്കപ്പെടുന്നു. അധികാരം ജനമാണ് നല്‍കുന്നതെന്നും അത് ജനസേവനത്തിനാണെന്നുമുള്ള തിരിച്ചറിവ്‌ രാഷ്ട്രീയക്കാര്‍ക്ക് അത്യാവശ്യമാണ്. ഏറ്റവും കഴിവുറ്റ ജനസമൂഹമാണ് മലയാളികള്‍, ലോകം മുഴുവന്‍ മലയാളികളുടെ കഴിവുകള്‍ ഉപയോഗിച്ച് വികസനത്തിലേക്ക് കുതിക്കുമ്പോഴും നമ്മുടെ ഭരണസംവിധാനം സമൂഹത്തിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു പോകുന്നു. വികസനത്തിലൂന്നിയ രാഷ്ട്രീയപ്രവര്‍ത്തനത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്